2013, ഡിസംബർ 18, ബുധനാഴ്‌ച

നബിദിനം ഇസ്ലാമികമോ

നബി (സ്വ) യുടെ ജന്‍മദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ മാസത്തിലും 12-ാം തിയ്യതിയും മതപരമായ പ്രത്യേകതകള്‍ കല്‍പ്പിച്ച് പ്രത്യേകം ചെയ്യുന്ന ആഘോഷ-ആചാരങ്ങള്‍ ഇതാണ് നബിദിനാഘോഷം കൊണ്ടുള്ള വിവക്ഷ. ഇങ്ങനെയുള്ള ഒരാചാരമോ ആഘോഷമോ ഇസ്ലാമില്‍ ഇല്ല. നബി (സ്വ) യോ താബിഉകളോ മേല്‍മാസത്തിലും തിയ്യതിയിലും മറ്റു മാസങ്ങളിലും തിയ്യതിയിലുമില്ലാത്ത പ്രത്യേകമായ എന്തെങ്കിലുമൊന്ന് ചെയ്തതായോ ആഘോഷിച്ചതായോ മതപ്രമാണമായി ‘സുന്നി’ വിഭാഗവും സലഫികളും അംഗീകരിക്കുന്ന രേഖകളിലൊന്നും ഇല്ലതന്നെ. ഈ വസ്തുത ബോധ്യപ്പെട്ടത് കൊണ്ടായിരിക്കാം ഇത് പുണ്യമാണെന്ന പുത്തന്‍ വാദങ്ങള്‍ എഴുന്നള്ളിക്കുന്ന ലേഖനങ്ങളില്‍ പോലും ‘സുന്നീ’ വിഭാഗങ്ങള്‍ സലഫികള്‍ പറയുന്ന സത്യങ്ങളും ഇടക്കിടെ എഴുതിപ്പോകുന്നുണ്ട്. അവകളില്‍ ചിലത് താഴെ ഉദ്ധരിക്കാം
സുന്നിവോയ്സ് വാരിക
എ.പി. വിഭാഗം സുന്നിയുവജന സംഘത്തിന്റെ ഔദ്യോഗിക മുഖപ്പത്രമാണിത്. നബിദിനത്തെ അനുകൂലിച്ച് ലേഖനമെഴുതിയപ്പോഴും ഈ ആഘോഷത്തെപ്പറ്റി ഇടക്ക് വെച്ച് ഇവര്‍ക്ക് എഴുതേണ്ടി വന്നത് കാണുക:- “അടിസ്ഥാനപരമായി മൌലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംകളില്‍നിന്ന് കൈമാറിവന്ന ആചാരമല്ല അത്”. (2000 ജൂലൈ 16-31). പൂര്‍വ്വികരായ പ്രവാചകന്‍മാരും മുസ്ലിംകളായ നമുക്ക് മഹത്തായ ഒരനുഗ്രഹം തന്നെയാണല്ലോ? അവരുടെ ജന്മദിനാഘോഷത്തെക്കുറിച്ച് സുന്നിവോയ്സ് പറയുന്നു. “അതേസമയം പൂര്‍വ്വീക പ്രവാചകന്‍മാരുടെ ജന്മദിനം കഴിഞ്ഞകാല മുസ്ലിംകള്‍ ആചരിച്ചതായി എവിടെയും കാണുന്നില്ല. അതുകൊണ്ടാണിന്നും അത് പ്രത്യേകമായി ആചരിക്കപ്പെടാത്തത്”. (2002 ആഗസ്റ് 16-31)
സുന്നത്ത് മാസിക
കാന്തപുരം സുന്നിവിഭാഗത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു മാസികയാണിത്. ആഴത്തില്‍ പഠിച്ചിട്ടും ഈ ദുരാചാരമുണ്ടായ കാലഘട്ടം ഈ മാസികയില്‍ എഴുതുന്നതിങ്ങിനെ:- “നബിദിനാഘോഷത്തിന്റെ ഉദ്ഭവത്തെപ്പറ്റി ആഴത്തില്‍ പഠിച്ച ഇമാം സുയൂഥ്വിയുടെ അഭിപ്രായത്തില്‍ ഹിജ്റ 6-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ നബിദിനാഘോഷങ്ങള്‍ നടന്നിട്ടുണ്ട്.” (2001 ജൂണ്‍) ഇനി ഇവന്‍മാരോട് ചോദിക്കട്ടെ. മുസ്ലിംകളുടെ ആഘോഷങ്ങളായ രണ്ട് പെരുന്നാളുകള്‍ ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് നടന്നതെന്ന് ആര്‍ക്കെങ്കിലും പറയാന്‍കഴിയുമോ?
രിസാല
എ.പി. വിഭാഗം ‘സുന്നീ’ വിദ്യാര്‍ത്ഥി സംഘടനയുടെ മുഖപത്രമാണിത്. ഇവര്‍ തിരുനബി വിശേഷാല്‍ പതിപ്പിലെഴുതുന്നു ” പത്ത്നാല്‍പ്പത്തഞ്ച് കൊല്ലംമുമ്പാണ്. അന്ന് എനിക്ക് പത്തുവയസ്സ് പ്രായം. എന്തു കണ്ടാലും അതിനെകുറിച്ച് ചിക്കിക്കുത്തി ചോദിച്ച് മനസ്സിലാക്കുന്ന ഒരു സ്വഭാവം അന്നേ എനിക്കുണ്ടായിരുന്നു. ബാലമനസ്സിന്റെ ചാഞ്ചാട്ടമാവാം. ഒരു റബീഉല്‍ അവ്വല്‍ മാസം ഞാനും എന്റെ ബാപ്പയും കൂടി ഒരു വീട്ടില്‍ പോയി മൌലിദില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. അര്‍ദ്ധരാത്രി സമയം ബാപ്പയുടെ പിന്നില്‍ നടന്ന് നീങ്ങുമ്പോള്‍ അന്ന് കണ്ട മൌലിദിന്റെ സദസ്സും മൌലിദും ചടങ്ങുകളുമായിരുന്നു നിറയെ .
കത്തിച്ച ചന്ദനത്തിരിയുടെയും ഉലുവാന്റെയും പുകക്കുള്ളില്‍ മലര്‍ത്തിവെച്ച ഒരേടിന് ചുറ്റുമായി കുറെ പേരിരുന്നു. അറബിയില്‍ എന്തൊക്കെയോ ചൊല്ലുകയും പാടുകയും ഇടക്ക് നിന്ന്കൊണ്ടു പാടുകയും ദുആയിരക്കുകയും അവസാനം സദ്യയും. പിരിഞ്ഞ് പോരാന്‍ നേരം ഗൃഹനാഥന്റെ വക കൈമടക്കും.
എന്റെ ബാലമനസ്സുണര്‍ന്നു. മുന്നില്‍ നടക്കുന്ന ബാപ്പയോട് ഞാന്‍ ചോദിച്ചു. മൌലിദ് പുതിയ ആചാരമാണെന്ന് ആരോ പറയുന്നത് കേട്ടായിരിക്കും, ഞാന്‍ ചോദിച്ചു. ‘ഇതൊക്കെ എന്നുമുതലുണ്ടായതാ ബാപ്പാ?’
‘ഏതൊക്കെ?, മൌലിദോ?’
‘അതെ!’
‘പണ്ടെക്കും പണ്ടെയുള്ളതാണ്. എന്ന് വെച്ചാല്‍ ആയിരം കൊല്ലംമുമ്പ് ഈ ഹിജ്റ എന്നൊക്കെ കേട്ടിട്ടില്ലെ? ആ ഹിജ്റ ഒരു മുന്നൂറിനു ശേഷം’
‘ഹിജ്റ മുന്നൂറിന്ന് ശേഷോ?’ എനിക്ക് അറിയാന്‍ കൌതുകമായി.
‘ആരാണ് ഇത് ആരംഭിച്ചത്?’ ഞാന്‍ ചോദിച്ചു.
‘ഏതാരംഭിച്ചത്? മൌലിദോ അതോ മൌലിദിന്റെ സദസ്സോ ചടങ്ങോ?’
‘എല്ലാം’
ബാപ്പ പറഞ്ഞു തുടങ്ങി. ‘ഹിജ്റ മൂന്നൂറിന് ശേഷം അര്‍ദല്‍ എന്ന രാജ്യത്ത് മുളഫര്‍ എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ദഹിയ്യത്ത് എന്ന ഒരു പണ്ഡിതനെക്കൊണ്ട് ഒരു മൌലിദ് എഴുതിപ്പിച്ചു. ആ മൌലിദ് പിന്നീട് ക്ഷണിക്കപ്പെട്ട ഒരു സദസ്സിന് മുന്നില്‍ രാജാവ് അവതരിപ്പിച്ചു.” (രിസാല തിരുനബി വിശേഷാല്‍ പതിപ്പ്. പേജ്. 75. മുഹമ്മദ് മറ്റത്ത്) ഹിജ്റ മുന്നൂറിന് ശേഷം മുളഫര്‍ എന്ന ഒരു നവീന വാദി ഉണ്ടാക്കിയ നവീനാചാരമാണ് മൌലിദെന്ന സലഫീ വീക്ഷണം ഇവിടെ വെളിപ്പെടുന്നു. നബി (സ്വ)യുടെ കാലം മുതല്‍ ഹിജ്റ മുന്നൂറ് വരെയുള്ള ഉത്തമ നൂറ്റാണ്ടുകളിലും പ്രവാചകന്‍ (സ്വ)യെ സ്നേഹിക്കുക എന്ന ഇബാദത്ത് നിലവിലുണ്ട്. പക്ഷെ നബിദിനാഘോഷം എന്ന ഒരിബാദത്ത് നബി (സ്വ) യെ സ്നേഹിക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിലുള്ളതായി ഉത്തമ നൂറ്റാണ്ടുകാരായ മുസ്ലിംകളാരും മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല.
തെളിച്ചം മാസിക
ഇകെ. വിഭാഗം ‘സുന്നി’കളുടെ ചെമ്മാട് ദാറുല്‍ഹുദയില്‍ നിന്നിറക്കുന്ന മാസികയാണിത്. ഇതില്‍ നബിദിനാഘോഷത്തെക്കുറിച്ച് എഴുതുന്നു. “റബീഉല്‍ അവ്വലില്‍ നബി (സ്വ)യുടെ ജന്മദിനാഘോഷം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്.”(2011. ഫിബ്രവരി) ഇതേ മാസികയില്‍ വീണ്ടും എഴുതുന്നു. “നബി (സ്വ)യുടെയും സ്വഹാബിമാരുടേയും കാലത്ത് ഇന്ന് നിലവിലുള്ള നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്. സദാ നബി (സ്വ) യുടെ ഓര്‍മ്മയിലും സ്നേഹത്തിലും മുഴുകിയിരുന്ന അവര്‍ക്കിടയില്‍ വര്‍ഷത്തിലൊരിക്കല്‍ പ്രത്യേക ആഘോഷം അപ്രസക്തമാവുകയായിരുന്നു’. (2010. ജൂണ്‍. പേജ്. 23)
ഇതേ മാസികയില്‍ ഈ വര്‍ഷവുമെഴുതുന്നു:- “ജനങ്ങള്‍ ഒരുമിച്ച് കൂടി അല്‍പ്പം ഖുര്‍ആന്‍ ഓതുക, നബി(സ)യുടെ സൃഷ്ടി, റൂഹ് സംബന്ധമായി വന്ന ഹദീസുകള്‍, ജന്‍മ സമയത്ത് സംഭവിച്ച ദൃഷ്ടാന്തങ്ങള്‍ എന്നിവ വിവരിക്കുക, ശേഷം ഭക്ഷണം കഴിക്കാന്‍ സുപ്ര വിരിക്കുക, ഇതില്‍ കൂടുതലൊന്നുമില്ലാതെ പിരിയുക. ഈ രീതിയിലുള്ള മൌലിദ് കഴിക്കല്‍ പുതിയ ആചാരങ്ങളില്‍ പെട്ടതാണ്.” (2012. ഫെബ്രുവരി.)
ഇന്ന് നിലവിലുള്ള നബിദിനാഘോഷം അവിടുത്തെ ജന്മദിനാഘോഷത്തിന്റെ പേരില്‍ റബീഉല്‍ അവ്വല്‍ മാസത്തിനും 12-ാം തിയ്യതിക്കും മതപരമായി പ്രത്യേകതകള്‍ കല്‍പ്പിച്ചു പ്രത്യേകമായ ആരാധനകളും ആഘോഷങ്ങളുമാണല്ലോ? ഇങ്ങിനെയൊരു ജന്മദിനമോ ആഘോഷമോ ഇസ്ലാമിലില്ല. മറ്റു മാസങ്ങള്‍ക്കില്ലാത്ത യാതൊരു പ്രത്യേകതയും മതപരമായി റബീഉല്‍ അവ്വല്‍ മാസത്തിന് നബി (സ്വ)യും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടുകാരായ മുസ്ലിംകളും കല്‍പിച്ചിരുന്നില്ല. മറ്റു മാസങ്ങളിലെ 12-ാം തിയ്യതിക്കില്ലാത്ത ഒരു പ്രത്യേകത റബീഉല്‍ അവ്വല്‍ മാസത്തിലെ 12-ാം തിയ്യതിക്ക് പ്രമാണങ്ങളിലെവിടെയും പറയുന്നുമില്ല. നബി (സ്വ) ജനിച്ചത് 12-ാം തിയ്യതിയാണെന്നതിനും ഇസ്ലാമിന്റെ പ്രമാണങ്ങളില്‍ വ്യക്തമായ രേഖയില്ല. ഏതുനിമിഷവും നബി (സ്വ)യേയും അവിടുത്തെ ചര്യകളെയും ഓര്‍ക്കേണ്ട ഇന്നത്തെ കാലഘട്ടത്തില്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തില്‍ 12-ാം തിയ്യതി മാത്രം നബി (സ്വ)യെ ഓര്‍ക്കുന്നതില്‍ പ്രസക്തിയില്ല.
സുന്നി അഫ്കാര്‍
ഇകെ. വിഭാഗം സുന്നി യുവജന സംഘത്തിന്റെ മുഖപത്രം. നവവിയുടെ ഉസ്താദായ അബൂശാമ പറഞ്ഞത് അതില്‍ രേഖപ്പെടുത്തുന്നു. “ഇമാം നവവി (റ)യുടെ വന്ദ്യ ഗുരുനാഥനും പ്രസിദ്ധ പണ്ഡിതനുമായ ഇമാം അബുശാമ (റ) പറഞ്ഞത് ഇപ്രകാരം സംഗ്രഹിക്കാം. വര്‍ഷം തോറും നബി (സ്വ) യുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്നു വരുന്ന ദാനധര്‍മ്മങ്ങളും സല്‍കര്‍മ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്”. (1999-ജൂണ്‍. 23) ഏറ്റവും നല്ലതെന്ന് പറഞ്ഞിട്ട് പോലും ഈ ആഘോഷത്തിന്റെ കാലപ്പഴക്കം ഈ പണ്ഡിതന് പറയാനുള്ളത് നമ്മുടെ കാലത്തുണ്ടായതെന്നും പുത്തന്‍ ആചാരമെന്നുമാണ്. പില്‍കാലത്തുണ്ടായ പുത്തനാചാരമാണ് നബിദിനാഘോഷമെന്ന സലഫീ വീക്ഷണത്തോട് അബൂശാമയും യോജിക്കുന്നു.
നമ്മുടെ കാലം എന്ന് പറഞ്ഞ അബൂശാമയുടെ കാലം ഹിജ്റ അറുനൂറാണ്. ‘സുന്നീ’ വിഭാഗത്തിന്റെ വിജ്ഞാന കോശത്തില്‍ ഇദ്ദേഹത്തിന്റെ ജനന വര്‍ഷം രേഖപ്പെടുത്തുന്നത് കാണുക:- “600/1203 ജനു: 10 ന് ഡമസ്കസില്‍ ജനിച്ചു.” (ഇസ്ലാമിക വിജ്ഞാന കോശം. പേജ്. 511. പൂങ്കാവനം പബ്ളിക്കേഷന്‍സ് കോഴിക്കോട്) അറുനൂറ് വരെ ജീവിച്ചു മരിച്ചുപോയ നബി(സ്വ) യും സ്വഹാബത്തും താബിഉകളും താബിഉത്താബിഉകളും മുതല്‍ക്കുള്ള ആദ്യകാല മാതൃകാ മുസ്ലിംകള്‍ക്കൊന്നും പരിചയമില്ലാത്ത ദുരാചാരമാണ് നബിദിനാഘോഷമെന്ന് വ്യക്തം.
തഴവ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍
നബിദിനം സുന്നത്താണെന്നും ആടും കോഴിയും പൊരിക്കണമെന്നും പൊലിമയോടെ എഴുതിയ തഴവ മുഹമ്മദ് കുഞ്ഞി മുസ്ല്യാരും ഈ ദുരാചാരത്തിന്റെ കാലപ്പഴക്കത്തിന്റെ മുമ്പില്‍ പതറുന്നു. റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും മതപരമായ പ്രത്യേകത കല്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന നബിദിനാഘോഷത്തിന്റെ കാലപ്പഴക്കം മൌലിദെന്ന പേരില്‍ മുസ്ല്യാര്‍ തന്നെയെഴുതുന്നു.
“മൌലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ
എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ”
(അല്‍ മവാഹിബുല്‍ ജലിയ്യ 3/50) ഈ കാലപ്പഴക്കം പറഞ്ഞതോട് കൂടി തഴവ മുസ്ല്യാര്‍ അപ്പുറവും ഇപ്പുറവുമൊക്കെ സുന്നത്താണെന്നും മറ്റും എഴുതിയിട്ടുണ്ടെന്ന മുസ്ലിയാക്കളുടെ വാദം പാളി. കാരണം മുന്നൂറാം നൂറ്റാണ്ടിന് ശേഷം ഹിജ്റ അറുന്നൂറില്‍ കണ്ടുപിടിച്ച് മതത്തില്‍ പുതിയതായി ഉണ്ടാക്കിയ ഒരാചാരം തഴവ മുസ്ല്യാര്‍ സുന്നത്താണെന്നും ആടുകളെയും കോഴികളെയും അറുത്ത് ശാപ്പിടണമെന്നും പറഞ്ഞാല്‍ പുണ്യവും സുന്നത്തും ആവുകയില്ലല്ലോ? നവവിയുടെ ഉസ്താദ് നല്ലതാണെന്ന് പറഞ്ഞാലും ദീനില്‍ അത് പുണ്ണ്യമാവുകയില്ല. പില്‍ക്കാലത്തുള്ള ആളുകള്‍ സ്വയം കെട്ടിയുണ്ടാക്കി അത് നല്ലതാണെന്നും പുണ്യമാണെന്നും സുന്നത്താണെന്നും പറയലല്ല മതത്തില്‍ ഒരു കാര്യം പുണ്യവും സുന്നത്തുമാകുന്നതിന്റെ മാനദണ്ഡമെന്ന് ‘സുന്നി’ വിഭാഗങ്ങള്‍ക്കും അറിയാത്തതൊന്നുമല്ലല്ലോ? ഇമാം ഗസ്സാലിയും മുഹ്യുദ്ദീന്‍ ശൈഖും സൂഫിയാക്കളും പുണ്യമാണെന്നു പറഞ്ഞിട്ടും ബറാഅത്ത് രാവിലെ നൂറ് റക്അത്ത് നമസ്കാരത്തിനെ ദുരാചാരമാക്കിയും കുറ്റകരമാക്കിയും തള്ളിയ ഇവര്‍ നബിദിനത്തിന്റെ പേരിലുള്ള ശാപ്പാാടിന്റെ മുമ്പില്‍ പൊട്ടന്‍ കളി നടത്തുകയാണ്. ഇവര്‍ കുറ്റകരമാക്കി തള്ളിയ ഈ നമസ്കാരത്തിലുള്ളതും ഖുര്‍ആന്‍ പാരായണവും സ്വലാത്തും ദിക്റുകളുമൊക്കെത്തന്നെയാണ്. റുകൂഉം സുജൂദും ഇഅ്ത്തിദാലും അല്ലാഹുവിന്റെ മുമ്പിലുള്ള ഖിയാമും ഇവകള്‍ക്ക് പുറമെ ഈ നമസ്കാരത്തിലുണ്ട്. എന്നിട്ടും ഇത് തെറ്റായ അതേ കാരണം തന്നെയാണ് നബിദിനാഘോഷവും തെറ്റാവാനുള്ള കാരണം.
അല്‍-മുഅല്ലിം മാസിക
ഇ.കെ. വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ മുഖപ്പത്രം. അതില്‍ നബിദിനാഘോഷത്തെകുറിച്ചെഴുതുന്നു. “ഇനി നമുക്ക് നബിദിനം ആഘോഷിക്കുന്നതിലേക്ക് മടങ്ങാം. നബി (സ്വ)തിരുമേനിയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്റെയോ പുണ്യ പുരുഷന്റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് തിരുമേനി വ്യക്തമായിഒന്നും നിര്‍ദ്ദേശിച്ചിട്ടുമില്ല.” (2006. ഏപ്രില്‍)
ബഹാഉദ്ദീന്‍ ഫൈസി കൂരിയാട്
ഇ.കെ. വിഭാഗം സമസ്തയിലെ പ്രമുഖ പണ്ഡിതന്‍. ഇയാള്‍ എഴുതുന്നു. “ഈജിപ്തിലെ ഫാത്വിമി ഭരണകൂടം (ഹി. 365-567) തങ്ങളുടെ ഭരണകാലത്ത് മൌലിദുന്നബി ആഘോഷിച്ചിരുന്നു. പക്ഷെ, ആദ്യമായി നബിദിനാഘോഷം നടത്തിയത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് ഇര്‍ബല്‍ ഭരിച്ചിരുന്ന മുളഫര്‍ അബൂസഈദ് കുബൂരിയാണെന്നാണ് ചരിത്രകാരന്‍മാരുടെ പക്ഷം.” (നബിദിനാഘോഷം ലോക രാഷ്ട്രങ്ങളില്‍ പേജ് – 18)
മതത്തില്‍ പുതിയ ആചാരം കെട്ടിയുണ്ടാക്കുന്ന ഈ ദുഷ്ടന്റെ വിശേഷതയായി ‘സുന്നി’ പുസ്തകം തന്നെ പറയുന്നു: “മുന്‍മാതൃകയില്ലാത്ത പല സല്‍കര്‍മ്മങ്ങളും കാഴ്ച വെച്ച അദ്ദേഹം (മുളഫ്ഫര്‍ രാജാവ്)” (നബിദിനാഘോഷം ലോക രാഷ്ട്രങ്ങളില്‍. പേജ്: 25). നബിദിനാഘോഷം എന്ന പേരില്‍ ഇയാള്‍ നബി (സ്വ)യെ സ്നേഹിച്ച ശൈലിയും ഇതേ പുസ്തകത്തിലെഴുതുന്നു:- “തുടര്‍ന്ന് ഓരോ ഖുബ്ബയിലും ഗായകര്‍, ചിന്തകന്‍മാര്‍, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ അണിനിരക്കും.” (പേജ്. 27) വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് നബി (സ്വ)യെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഈ മനുഷ്യന്‍ പിശാചിനെയാണ് സ്നേഹിക്കുന്നത്. മതത്തില്‍ നബി(സ്വ) പ്രത്യേകത കല്‍പ്പിക്കാത്ത ഒരു മാസത്തിനും തിയ്യതിക്കും തന്നിഷ്ടത്തിനൊത്ത് പ്രത്യേകത കല്‍പ്പിക്കുന്നതും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതും നബി(സ്വ) വെറുത്ത കാര്യമാണ്.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.
ഇ.കെ. വിഭാഗം സമസ്തയുടെ പ്രമുഖ പണ്ഡിതനായ ഇയാളെഴുതുന്നു:- “ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച സച്ചരിതര്‍ റബീഉല്‍ അവ്വലില്‍ മാത്രമല്ല, മറ്റു പതിനൊന്ന് മാസങ്ങളിലും സ്വലാത്തും സലാമും ഇസ്ലാമിക പ്രചരണവും പ്രവാചക സ്നേഹവും നിര്‍വിഘ്നം നിര്‍വ്വഹിച്ചു വന്നു. അതു കൊണ്ടു തന്നെ ഒരു ദിവസമോ മാസമോ നിശ്ചയിച്ച് അത്തരം കര്‍മ്മങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി നടപ്പാക്കേണ്ട അനിവാര്യത അന്നുണ്ടായിരുന്നില്ല.” (ചന്ദ്രിക. 2004. മെയ്. 12) നബി(സ്വ)യുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും ഈ മാതൃക പിന്‍പറ്റി മറ്റ് പതിനൊന്ന് മാസങ്ങളിലും സ്വലാത്തിലും സലാമിലും മറ്റ് ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലും മുഴുകുന്ന യഥാര്‍ത്ഥ മുസ്ലിംകള്‍ക്ക് ഒരു കാലത്തും ഈയൊരു മാസവും പന്ത്രണ്ടാം തിയ്യതിയും മാത്രം മതത്തില്‍ പ്രത്യേകമായ ഒരു ഇബാദത്തോ ആഘോഷമോ ജനനത്തിന്റെ പേരില്‍ സ്വയം നിര്‍മ്മിച്ച് ചെയ്യേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, അത് പാടുമില്ല.
ഹിക്മത്ത് വാരിക
ഇരു ഖുറാഫീ വിഭാഗങ്ങളും ഒന്നായ കാലത്ത് ആദര്‍ശ പ്രചാരണത്തിന് വേണ്ടി ഇവര്‍ ഇറക്കിയ വാരിക. അതിലെഴുതുന്നു:- “നബി(സ)യുടെ ജന്‍മദിനം ആഘോഷിക്കുന്നതും മരണപ്പെട്ടവര്‍ക്ക് വേണ്ടി അനുശോചന സമ്മേളനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതും മതപരമായ ലക്ഷ്യമോ ചിഹ്നമോ അല്ല.” (1986. ഫെബ്രുവരി. 20.) ഇതേ വാരികയില്‍ വീണ്ടുമെഴുതുന്നു:- “അവക്ക് ദീനുമായി അടിസ്ഥാനപരമായ ബന്ധമൊന്നുമില്ല.” (പേജ്. 6) നബിദിനാഘോഷം നല്ലതാണെന്നും ബിദ്അത്തല്ലെന്നും അപ്പുറവും ഇപ്പുറവും എഴുതിയ നബിദിനവാദി തന്നെയാണ് ഇതും എഴുതിയത്. ദീനുമായി പുത്തനാചാരത്തിന് അടിസ്ഥാനപരമായ ബന്ധമില്ലെന്ന സലഫീ വീക്ഷണം ഇവര്‍ക്ക് അംഗീകരിക്കേണ്ടി വരുന്നു
അവശേഷിക്കുന്ന പ്രശ്നങ്ങള്‍
റബീഉല്‍ അവ്വല്‍ മാസവും പന്ത്രണ്ടാം തിയ്യതിയുമായി പ്രത്യേകം ബന്ധപ്പെട്ട മതപരമായ ഒരു ആചാരമോ ആഘോഷമോ നബി(സ്വ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് നബി(സ്വ)യും സ്വഹാബത്തും ആറ് നൂറ്റാണ്ട് വരെ മുസ്ലിം ലോകത്ത് കഴിഞ്ഞ് പോയ മഹത്തുക്കളും മാതൃക കാട്ടിയിട്ടില്ലെന്ന് നാം മനസ്സിലാക്കി. ‘സുന്നി’കള്‍ തന്നെ അത് എഴുതാന്‍ നിര്‍ബന്ധിതരുമായി. സ്വന്തക്കാരുടെ ഈ വെളിപ്പെടുത്തലുകളിലൂടെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. നബിദിനാഘോഷം പുണ്യഇബാദത്താണെന്ന് പറയുന്നവര്‍ ഇവകള്‍ക്ക് മറുപടി പറഞ്ഞേ തീരൂ.
1) ഈ പുത്തനാചാരത്തിന് തെളിവായി വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് ഏതാനും ആയത്തുകളും ഹദീസുകളില്‍ പറഞ്ഞ ചില സംഭവങ്ങളും ഈ ഖുറാഫികള്‍ വളച്ചൊടിക്കാറുണ്ടല്ലോ? ഈ ആയത്തുകളും ഹദീസുകളും ഏറ്റവുമധികം മനസ്സിലാക്കിയതും പ്രാവര്‍ത്തികമാക്കിയതും നബി(സ്വ)യും സ്വഹാബത്തുമടങ്ങുന്ന ആദ്യകാല മുസ്ലിംകളാണ് താനും. ഇവകളുടെ അടിസ്ഥാനത്തില്‍ എന്ത് കൊണ്ട് അവരാരും ജന്‍മദിനമാഘോഷിച്ചില്ല?
2) ഇവര്‍ തെളിവായി വളച്ചൊടിക്കുന്ന ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ മാസത്തിനും പന്ത്രണ്ടാം തിയ്യതിക്കും നബി(സ്വ)യും സ്വഹാബത്തും താബിഉകളും ആറ് നൂറ്റാണ്ട് വരെയുള്ള പഴയ കാല മുസ്ലിംകളും എന്തേ മതപരമായ യാതൊരു ശ്രേഷ്ഠതയും കല്‍പ്പിച്ചില്ല?
3) നബി(സ്വ)യുടെ ജന്‍മദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ മാസത്തിനും പന്ത്രണ്ടിനും മതപരമായ പ്രത്യേക കര്‍മ്മങ്ങളൊന്നും ചെയ്യാതെ ജീവിച്ച് മരിച്ച് പോയ ആറ് നൂറ്റാണ്ട് വരെയുള്ള പഴയകാല മുസ്ലിംകളെല്ലാം നബി(സ്വ)യെ സ്നേഹിക്കാത്തവരാണോ?
4) മേല്‍ മാസത്തിനും തിയ്യതിക്കും പ്രത്യേകമായ ചടങ്ങുകളൊന്നും നിര്‍വ്വഹക്കാതെ തന്നെ നബി(സ്വ)യെ അങ്ങേയറ്റം സ്നേഹിച്ച് മരിച്ച് പോയ ആറ് നൂറ്റാണ്ട് വരെയുള്ള പഴയകാല മുസ്ലിംകളുടെ ചര്യ പിമ്പറ്റി നബിദിനാഘോഷം കഴിക്കാതെ നമുക്കും നബി(സ്വ)യെ സ്നേഹിച്ചുകൂടേ?
5) മൌലിദ് കഴിക്കല്‍ നമ്മുടെ കാലത്തുണ്ടായ പുത്തനാചാരമാണെന്ന് പറയുന്ന ഖുറാഫികള്‍ക്ക് നമസ്കാരവും നോമ്പും ഇസ്ലാമിലെ മറ്റേതെങ്കിലും ആരാധനകളും ഇങ്ങനെ ആറാം നൂറ്റാണ്ട് മുതല്‍ക്കുണ്ടായ പുത്തനാചാരങ്ങളാണെന്ന് പറയാന്‍ കഴിയുമോ?
സമയങ്ങള്‍ക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിച്ച് ചെയ്യുന്ന കര്‍മ്മങ്ങളുടെ വിധിയെന്ത്?
നബിദിനാഘോഷത്തിലൂടെ ഖുറാഫീ വിഭാഗങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് നബി(സ്വ)യും സ്വഹാബത്തും മതപരമായി യാതൊരു മഹത്വവും കല്‍പ്പിക്കാത്ത മാസത്തിനും തിയ്യതിക്കും തന്നിഷ്ടത്തിനൊത്ത് പ്രത്യേകത കല്‍പ്പിക്കുന്നു എന്നുള്ളതാണ്. മതത്തില്‍ ഇല്ലാത്ത പ്രത്യേകത സ്വയം കല്‍പ്പിച്ച് അന്നവര്‍ പ്രത്യേക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഈ തെറ്റ് ജനങ്ങളില്‍ നിന്നും മൂടി വെച്ച് കൊണ്ടാണ്, “ഞങ്ങള്‍ മദ്ഹ് പറയുകയാണ്, സ്വലാത്ത് ചൊല്ലുകയാണ്, ദാനധര്‍മ്മം ചെയ്യുകയാണ്, ഇതിലെന്താണ് തെറ്റ്” എന്നെല്ലാം ഇവര്‍ ചോദിക്കാറുള്ളത്. തെളിവായി സ്വലാത്തിന്റെയും മദ്ഹിന്റെയും പുണ്യവും ഇവരെടുത്ത് വെക്കും. അങ്ങനെ മതം പഠിപ്പിക്കാത്ത പുണ്യങ്ങള്‍ സമയങ്ങള്‍ക്കും മാസങ്ങള്‍ക്കും സ്വയം സങ്കല്‍പ്പിച്ച് കൊണ്ട് എത്ര നല്ല കര്‍മ്മം ചെയ്താലും അത് ചീത്തയായിട്ടേ ഇസ്ലാം പരിഗണിക്കുകയുള്ളൂ. സലഫികള്‍ പറയുന്ന ഈ സത്യം ഖുറാഫീ പ്രസിദ്ധീകരണങ്ങള്‍ ശരി വെക്കുന്നു. ഏതാനും ഉദാഹരണങ്ങള്‍ കാണുക.
1) ബറാഅത്ത് രാവിന് മഹത്വം കല്‍പ്പിച്ച് കൊണ്ട് നമസ്കരിക്കല്‍. ഇതിന്റെ വിധി. കടുത്ത അന്ധവിശ്വാസവും അനാചാരവും കുറ്റകരവും. (ഇര്‍ശാദുല്‍ ഇബാദ്. മലയാള പരിഭാഷ. പേജ്. 123.)
2) ബാങ്കിന്റെ മുമ്പ് എന്ന സമയത്തിന് പ്രത്യേകത കല്‍പ്പിച്ച് സ്വലാത്ത് ചൊല്ലല്‍:- “തടയപ്പെടേണ്ടതാണ.്” (ഫതാവാ മുഹ്യിസ്സുന്ന. 1/53. പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍.)
3) തറാവീഹിന് ഇടയില്‍ എന്ന സമയത്തിന് പ്രത്യേകത കല്‍പ്പിച്ച് കൊണ്ട് സ്വലാത്ത് ചൊല്ലല്‍:- “തടയണം, ചൊല്ലരുത്” (സുന്നത്ത് ജമാഅത്ത് ഒരു ക്ളാസ് ഡയറി. 1/79-81. ബഷീര്‍ ഫൈസി വെണ്ണക്കോട്.) ഇങ്ങനെ ഈ സമയങ്ങള്‍ക്കൊന്നും നിങ്ങളുടെ സ്വന്തം വക മഹത്വം കല്‍പ്പിച്ച് ഇബാദത്ത് ചെയ്യുന്നതേ തെറ്റാവുകയുള്ളൂ എന്നും നബി(സ്വ) ജനിച്ചു എന്ന പേരും പറഞ്ഞ് പ്രമാണങ്ങളില്‍ പറയാത്ത മഹത്വവും ഇബാദത്തും റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടിലും തന്നിഷ്ടത്തിനൊത്ത് നിര്‍മ്മിക്കാമെന്നും മതത്തില്‍ എവിടെയും വിവേചിച്ചിട്ടില്ല. ഇങ്ങനെയൊരു വിവേചനം പുതുനിര്‍മ്മിതിയുടെ കാര്യത്തില്‍ ഇല്ലെന്ന് മനസ്സിലാക്കിയത് കൊണ്ടു തന്നെയാണ് പ്രമാണങ്ങളില്‍ മഹത്വങ്ങളൊന്നും പറയാത്ത റബീഉല്‍ അവ്വലിലും പന്ത്രണ്ടിലും തന്നിഷ്ടങ്ങള്‍ക്കൊത്ത് നബി(സ്വ)യും സ്വഹാബത്തും യാതൊരു മഹത്വവും കല്‍പ്പിക്കാതിരുന്നതും അന്ന് പ്രത്യേകമായ അമലുകളൊന്നും ചെയ്യാതിരുന്നതും. വല്ല വകുപ്പും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവരായിരുന്നു അത് ചെയ്യുക. നബിദിനാഘോഷമെന്ന പുത്തനാചാരത്തെ ന്യായീകരിച്ച പില്‍ക്കാല ഖോജാക്കന്‍മാരേക്കാളും നന്മയിലും പ്രവാചക സ്നേഹത്തിലും പുണ്യത്തിലും മുന്തിയവര്‍ ആ മാസത്തിലും തിയ്യതിയിലും പ്രത്യേകമായ ഇബാദത്തുകളൊന്നും ചെയ്ത് നമുക്ക് മാതൃക കാണിക്കാത്ത നബി(സ്വ)യും സ്വഹാബത്തും ആറ് നൂറ്റാണ്ട് വരെ ജീവിച്ച് മരിച്ച് പോയ പഴയകാല മുസ്ലിം മഹത്തുക്കളുമാണെന്ന കാര്യം ‘സുന്നീ’ വിഭാഗങ്ങളും അംഗീകരിക്കുമല്ലോ?
നബിദിനാഘോഷം ദീനാവുകയില്ല
നബി(സ്വ)യും സ്വഹാബത്തും ആറാം നൂറ്റാണ്ട് വരെയുള്ള പഴയകാല മുസ്ലിംകളും നബി(സ്വ)യുടെ ജന്‍മദിനത്തിന്റെ പേരും പറഞ്ഞ് റബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും പ്രത്യേക ആഘോഷമോ ആചാരങ്ങളോ നടത്തിയിട്ടില്ലെന്ന് ‘സുന്നീ’ വിഭാഗങ്ങള്‍ സമ്മതിച്ചത് നാം വായിച്ചുവല്ലോ? അതിനാല്‍ ഇത് ഇസ്ലാം മതാചാരമായോ ആഘോഷമായോ പരിഗണിക്കപ്പെടുകയില്ല. ‘സുന്നീ’ പണ്ഡിതര്‍ എഴുതുന്നു:- “നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) ഇല്ലാത്ത ഒരു പ്രവൃത്തി ആരു ചെയ്താലും അത് തള്ളപ്പെടേണ്ടതാകുന്നു. അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തഒരു ഹദീസില്‍ ഇപ്രകാരം കാണാം. ‘നമ്മുടെ കാര്യത്തിന് വ്യത്യാസമായി ആരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് തള്ളപ്പെടേണ്ടതാകുന്നു.’ ഈ ഹദീസുകളില്‍ നിന്നും നബിതിരുമേനി ഏതൊരു പ്രബോധനമാണോ ലോകത്ത് കൊണ്ടു വന്നിട്ടുള്ളത്, ഏതൊരു അഖീദകളാണോ അവിടുന്ന് ഉമ്മത്തിനെ പഠിപ്പിച്ചിട്ടുള്ളത്, ഏത് നടപടികളാണോ ദീനിന്റെ നടപടികളായി കാണിച്ചു തന്നിട്ടുള്ളത് അവയില്‍ ഒരളവോളമെങ്കിലും കൂടുതലോ കുറവോ ആകുന്നത് ഒരു പ്രകാരത്തിലും ഇസ്ലാമാവുകയില്ല എന്നും സ്പഷ്ടമാണ്.” (അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തും എഴുപത്തിരണ്ട് വിഭാഗവും. പേജ്. 13. കെ. എ. മജീദ് ഫൈസി, കിഴിശ്ശേരി.) റബീഉല്‍ അവ്വല്‍ മാസത്തിനും പന്ത്രണ്ടാം തിയ്യതിക്കും പ്രത്യേകത കല്‍പ്പിച്ചു മതപരമായ ഇബാദത്തുകളൊന്നും ചെയ്യാതിരിക്കലായിരുന്നു പ്രവാചകന്‍(സ്വ)യുടെയും സ്വഹാബാക്കളുടെയും ദീനെന്ന് നാം മനസ്സിലാക്കിയല്ലോ? ഇതിന്ന് വിരുദ്ധമായി ആര് പറഞ്ഞാലും ചെയ്താലും പില്‍ക്കാലത്തുള്ള അബൂശാമ, സുയൂത്വി, ഹൈതമി തുടങ്ങിയ ആളുകള്‍ എന്ത് ന്യായീകരണം പറഞ്ഞാലും അത് നബി(സ്വ)യും സ്വഹാബികളും പഠിപ്പിച്ച ദീനാവുകയില്ല. ആര് ചെയ്താലും എന്ന് പറഞ്ഞതില്‍ നിന്ന് നബിദിനാഘോഷത്തെ ന്യായീകരിച്ച പില്‍ക്കാല പണ്ഡിതന്‍മാരെയൊന്നും നബി(സ്വ) ഒഴിവാക്കിയിട്ടില്ല.
അനാചാരമെന്ന് സമ്മതിക്കുന്നു
നബി(സ്വ) ജനിച്ച മാസത്തിലും തിയ്യതിയിലും എന്ന പ്രത്യേക പുണ്യം കല്‍പ്പിച്ചു കൊണ്ടാണല്ലോ ഖുറാഫീ വിഭാഗങ്ങള്‍ നബിദിനത്തില്‍ പ്രത്യേക ആഘോഷങ്ങളും അന്നദാനവും മദ്ഹുകളും സംഘടിപ്പിക്കുന്നത്? എന്നാല്‍, അത് അനാചാരമായി മാറുമെന്ന് ‘സുന്നീ’ പണ്ഡിതന് സമ്മതിക്കേണ്ടി വരുന്നു:-”നബിദിനത്തിലോ നബിദിന മാസത്തിലോ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് മറ്റു മാസങ്ങളിലില്ലാത്ത പ്രത്യേക പുണ്യമുണ്ടെന്ന വാദം ആര്‍ക്കെങ്കിലും ഉള്ളതായി അറിവില്ല. എങ്കില്‍ അത് അനാചാരമെന്ന് പറയാമായിരുന്നു.” (സത്യധാര. 2002. മെയ്. 1-31. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്.)
ജനിച്ച മാസത്തിലും തിയ്യതിയിലും കൃത്യതയില്ല
ജനിച്ച മാസവും തിയ്യതിയും ഓര്‍ത്ത് വെക്കുന്നതിന് ഇസ്ലാമില്‍ മുന്‍ഗാമികളാരും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. ‘സുന്നീ’ വിഭാഗങ്ങള്‍ ഇസ്ലാമിലില്ലാത്ത ഒരാഘോഷം നബിദിനത്തിന്റെ പേരില്‍ സ്ഥാപിച്ചെടുക്കുവാന്‍ വേണ്ടി അവിടുന്ന് ജനിച്ച തിയ്യതിയില്‍ സന്ദേഹമില്ലെന്ന് വരെ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സലഫികള്‍ പറയുന്ന വീക്ഷണം ‘സുന്നീ’ പ്രസിദ്ധീകരണങ്ങളും ശരി വെക്കുന്നത് കാണുക:- “അബ്ദുല്ലയുടെ മരണശേഷം ഒമ്പത് മാസം കഴിഞ്ഞ് റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച്ച രാവ് പകുതിയായതിന് ശേഷം നബി(സ) മക്കയില്‍ ജനിച്ചു. റബീഉല്‍ അവ്വല്‍ രണ്ടാം രാവിലാണെന്നും പത്താം രാവിലാണെന്നും പന്ത്രണ്ടിലാണെന്നും പതിനേഴിലാണെന്നും പതിനെട്ടിലാണെന്നും അഭിപ്രായവ്യത്യാസമുണ്ട്.” (കര്‍മ്മശാസ്ത്ര സരണി. പേജ്. 312. സുന്നീ പബ്ളിക്കേഷന്‍ സെന്റര്‍. ചെമ്മാട്.)
“നബി(സ)യെ പ്രസവിച്ച മാസത്തിലും ദിവസത്തിലും ഉലമാക്കളില്‍ അഭിപ്രായ വ്യത്യാസമുണ്ട്.” (ബര്‍സഞ്ചീ മൌലിദ്. 151 വക മൌലിദ് കിതാബ്. പേജ്. 5.) മുസ്ലിം ആഘോഷിക്കേണ്ടതായ പെരുന്നാളുകള്‍ ഏത് മാസങ്ങളിലും ഏത് ദിവസങ്ങളിലുമാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. കാരണം, നബി(സ്വ) മുതല്‍ ഇന്നേ വരെ മുസ്ലിംകള്‍ കൃത്യമായി ഓര്‍മ്മ വെച്ചു പോന്ന മാസങ്ങളും ദിവസങ്ങളുമാണത്.
റബീഉല്‍ അവ്വല്‍ പന്ത്രണ്ട് കറുത്ത ദിനം
റബീഉല്‍ അവ്വല്‍ പന്ത്രണ്ട് മൂകത തളം കെട്ടി നിന്ന അവിടുത്തെ വഫാത്തിന്റെ ദിനമാണെന്ന് ‘സുന്നീ’ വിഭാഗവും അംഗീകരിക്കുന്നു. സൂന്നീവോയ്സ് വാരികയില്‍ എഴുതുന്നു:- “നൊമ്പരക്കടലില്‍. ഹിജ്റ വര്‍ഷം 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച്ച ദിവസം. മദീനയാകമാനം കറുത്തിരുണ്ട ദിനമാണന്ന്. എങ്ങും മൂകത. എല്ലാ മുഖങ്ങളും വിഷാദ പടലങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോകനേതാവ് തിരുനബി(സ)യുടെ വഫാത് ദിനം.” (2007. ഒക്ടോബര്‍. 16-31.) ജന്‍മദിനമെന്ന പേരില്‍ മൂക്കറ്റം തിന്ന് മദിച്ച് സന്തോഷിക്കുന്നത് ഇവന്‍മാര്‍ തന്നെ ‘കറുത്ത ദിനം’ എന്നെഴുതിയ ഈ ദിനത്തിലാണ്. ജനിച്ച മാസത്തിലും ദിവസത്തിലും തിയ്യതിയിലും സംശയമുണ്ടെന്നും പ്രമാണങ്ങളില്‍ അതിന് വ്യക്തമായ രേഖയില്ലെന്നും ഇവരുടെ വരികളില്‍ നിന്നും നാം മനസ്സിലാക്കിയല്ലോ?
സ്വപ്നം തള്ളുന്നു
കൊടിയ മുശ്രിക്കായ അബൂലഹബ് കാണിക്കപ്പെട്ട ഒരു സ്വപ്നമായിരുന്നു ഇക്കാലമത്രയും ഇക്കൂട്ടര്‍ നബിദിനാഘോഷമെന്ന ദുരാചാരത്തിന് തെളിവായി പറഞ്ഞിരുന്നത്. ഒടുവില്‍ ഇത്തരം സ്വപ്നങ്ങള്‍ മതകാര്യങ്ങളില്‍ തെളിവാക്കാന്‍ പറ്റില്ലെന്ന സലഫികളുടെ സത്യവീക്ഷണത്തിലേക്ക് ‘സുന്നീ’ വിഭാഗങ്ങളുമെത്തി. അവരെഴുതുന്നു:- “അബൂലഹബിനെ സ്വപ്നം കണ്ടത് ഒരു ബന്ധുവാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വഹാബീ ശ്രമം. യഥാര്‍ത്ഥത്തില്‍ ആ സ്വപ്നം കണ്ട വ്യക്തി അബ്ബാസ്(റ) ആയിരുന്നുവെന്ന് ഫത്ഹുല്‍ബാരി(11/403)ല്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം സ്വപ്നങ്ങള്‍ ദീനില്‍ തെളിവല്ലെന്നാണ് മറ്റൊരു വാദം. പ്രവാചകന്‍മാരുടേതല്ലാത്ത സ്വപ്നങ്ങള്‍ ദീനില്‍ തെളിവല്ലെന്നത് ശരിയാണ്. നബി(സ)യുടെ ജന്‍മദിനാഘോഷത്തിന് പ്രമാണമായി സുന്നികള്‍ ഈ ഹദീസ് ഉദ്ധരിക്കുന്നില്ല എന്നോര്‍ക്കണം.” (സുന്നത്ത് മാസിക. 2006. ജൂലൈ.) നബിദിന വിശേഷാല്‍ പതിപ്പില്‍ (സത്യധാര. 2004. ഏപ്രില്‍. 16) നബിദിനാഘോഷത്തിന്റെ ഒന്നാമത്തെ തെളിവായി ഇവര്‍ കൊടുത്തത് ഈ സ്വപ്നമാണ്.
ലൈലത്തുല്‍ ഖദ്റിലും ശ്രേഷ്ഠം
ആറാം നൂറ്റാണ്ടിന് ശേഷം കെട്ടിയുണ്ടാക്കിയ ഒരു ദുരാചാരത്തെ അല്ലാഹു ശ്രേഷ്ഠമാക്കിയ ലൈലത്തുല്‍ ഖദ്റിലും ശ്രേഷ്ഠമെന്ന് പറഞ്ഞ് ‘സുന്നീ’ വിഭാഗങ്ങള്‍ ന്യായീകരിക്കാറുണ്ട്. അവരെഴുതുന്നു:- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ ശ്രേഷ്ഠം പ്രവാചക ജന്‍മദിനത്തിനാണെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നു.” (മീലാദുന്നബി പൈതൃകം-പ്രമാണം. പേജ്. 24.) സലഫികളുടെ തെളിവുകള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ട ഇവര്‍ക്ക് കടുത്ത ഈ ക്വുര്‍ആന്‍ നിന്ദ തള്ളിക്കളയേണ്ടിയും വന്നിട്ടുണ്ട്. സലഫികള്‍ പറയുന്ന സത്യത്തിലേക്ക് ഇവര്‍ക്ക് എത്തിച്ചേരേണ്ടി വരുന്നു. അത് കാണുക:- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമാണെന്ന് അഭിപ്രായപ്പെടുന്നത് നിരര്‍ത്ഥകമാണ്………………ലൈലത്തുല്‍ ഖദ്റിനേക്കാള്‍ മൌലിദ് രാത്രിക്ക് പുണ്യമുണ്ടെന്ന് നമുക്ക് സ്വയം മെനഞ്ഞുണ്ടാക്കി പറഞ്ഞു കൂട.” (നുസ്രത്തുല്‍ അനാം മാസിക. 1996. ജനുവരി.) മറ്റൊരിടത്തെഴുതുന്നു:- “ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യം നബിദിനത്തിനാണെന്ന് പറയുന്നത് ശരിയല്ല.” (ബുല്‍ബുല്‍ മാസിക. 2007. ഡിസംബര്‍.)
ഖസ്തല്ലാനിയെയും തള്ളേണ്ടി വരുന്നു
ലൈലത്തുല്‍ ഖദ്റിനേക്കാളും ശ്രേഷ്ഠമാണ് നബി(സ്വ) ജനിച്ച രാത്രി എന്നും റബീഉല്‍ അവ്വലിന് മുന്‍ഗാമികള്‍ നബി(സ്വ)യുടെ വീട് സന്ദര്‍ശിക്കാറുണ്ട് എന്നും പച്ചനുണ യാതൊരു പ്രമാണവുമില്ലാതെ എഴുതിയ ഖസ്തല്ലാനിയെ ഇവര്‍ ഇക്കാര്യത്തില്‍ പ്രമാണമാക്കാറുണ്ടായിരുന്നു. സലഫികളെപ്പോലെ ഇത്തരം തെറ്റായ കാര്യത്തിലും ഖസ്തല്ലാനിയെ ഇവര്‍ക്കു തള്ളിപ്പറയേണ്ടി വന്നു. ഒരു അനുഭവം കാണുക:- “ഞങ്ങള്‍ ബുഖാരി ഓതുന്ന കാലം. ഒരു ഹദീസിന് ഇമാം ഖസ്തല്ലാനി നല്‍കിയിരുന്ന വിശദീകരണത്തിന് എതിരായി ശൈഖുനാ ശംസുല്‍ ഉലമ വിശദീകരിച്ചു സമര്‍ത്ഥിച്ചു. അപ്പോള്‍ മറ്റു വിദ്യാര്‍ത്ഥികളെല്ലാം കൂടി അതിനെ എതിര്‍ത്തിട്ട് ഖസ്തല്ലാനിയില്‍ ഇങ്ങനെയുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ശൈഖുനാ പറഞ്ഞുവത്രെ, ‘ഞാന്‍ ഖസ്തല്ലാനിയുടെ മുഖല്ലിദാണോ? അദ്ദേഹം പറഞ്ഞത് അപ്പടി സ്വീകരിക്കാന്‍?’ എന്നിട്ട് ശൈഖുനാ പ്രസ്തുത ഹദീസിന്റെ ഒരു വിശദീകരണം പറഞ്ഞു കൊടുത്തു. അപ്പോഴാണ് കൂടുതല്‍ ഹഖും ശരിയും ഖസ്തല്ലാനി പറഞ്ഞതിനേക്കാള്‍ ശൈഖുന പറഞ്ഞതാണ് എന്ന് ബോധ്യമായത്.” (സുന്നീ അഫ്കാര്‍ വാരിക. 1996. ഡിസംബര്‍. 4)
രണ്ട് പെരുന്നാളുകളേക്കാള്‍ വലിയത്.
നബി(സ്വ)യും സ്വഹാബത്തും മുസ്ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായി മാതൃക കാണിച്ച രണ്ട് പെരുന്നാളുകളേക്കാള്‍ വലിയ ആഘോഷമായി ആറാം നൂറ്റാണ്ടില്‍ കൊണ്ട് വന്ന ഈ ദുരാചാരത്തെ ആക്കി മാറ്റാനും ബദലാക്കുവാനും ‘സുന്നീ’ വിഭാഗങ്ങള്‍ ശ്രമിച്ചിരുന്നു. രിസാല വാരികയില്‍ എഴുതുന്നു:- “നബിദിനം മുസ്ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനേക്കാള്‍ വലിയ ആഘോഷം.” (1987. നവമ്പര്‍.) മറ്റൊരിടത്തെഴുതുന്നു:- “ചെറിയ പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന് ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു.” (ദി ഐലന്റ്. 2009. ഏപ്രില്‍.) എന്നാല്‍ ഇക്കാര്യത്തിലും സലഫികള്‍ പറഞ്ഞ സത്യം ഇവര്‍ അംഗീകരിച്ചിട്ടുണ്ട്. അത് കാണുക.
“രണ്ട് സുപ്രധാന ആഘോഷങ്ങളാണ് മുസ്ലിം ലോകത്തിനുള്ളത്. ഈദുല്‍ ഫിത്വ്ര്‍, ഈദുല്‍ അസ്ഹാ.” (സന്‍മാര്‍ഗ്ഗ ശബ്ദം മാസിക. 1984. ജൂണ്‍.)
“ഈദുല്‍ ഫിത്വ്റും ഈദുല്‍ അള്ഹയുമാണ് ഇസ്ലാമിലെ പ്രധാന ആഘോഷങ്ങള്‍.” (സുന്നിവോയ്സ്. 1987. മെയ്. 22-28) പെരുന്നാളിനേക്കാള്‍ വലുതാക്കി ഊതി വീര്‍പ്പിച്ച ആറാം നൂറ്റാണ്ടു മുതല്‍ ഉണ്ടാക്കിയ നബിദിന ദുരാചാരം ഇവിടെ ഇവര്‍ക്ക് കയ്യൊഴിക്കേണ്ടി വന്നു.
ഭൂരിപക്ഷം ചെയ്യുന്നു?
പ്രമാണങ്ങളിലൊന്നും നബിദിനാഘോഷത്തിന് തെളിവ് കാണാതിരുന്നപ്പോള്‍ ‘സുന്നീ’ വിഭാഗം പിടിച്ച മറ്റൊരു പുല്‍ക്കൊടിയായിരുന്നു നാട്ടിലെ ഭൂരിഭാഗം മുസ്ല്യാക്കളും കാരണവന്‍മാരും അനുയായികളും ഇങ്ങനെ ഒരാഘോഷത്തില്‍ പങ്കെടുക്കുന്നു എന്നുള്ളത്. ഇതിന്ന് ഇവര്‍ ഒരു ഹദീസ് വളച്ചൊടിക്കുകയും ചെയ്തിരുന്നു. അതിങ്ങനെ:- “എന്റെ സമൂഹത്തില്‍ ഭിന്നിപ്പ് കണ്ടാല്‍ നിങ്ങള്‍ ഭൂരിപക്ഷത്തെ മുറുകെ പിടിക്കുക. നിശ്ചയം ഭൂരിപക്ഷം പിഴക്കുകയില്ല. (ഇബ്നുമാജ. 3940.)” (അല്‍ ഇസ്സ നബിദിനോപഹാരം. പേജ്. 2)
സമൂഹത്തില്‍ ‘ഭൂരിപക്ഷം ചെയ്യുന്നത്’ എന്ന ഒരു പ്രമാണം ഇസ്ലാമിലില്ല. ഇത് പ്രമാണമാക്കുകയാണെങ്കില്‍ നാം വഴി തെറ്റി ജീവിക്കേണ്ടി വരും. കാരണം, സമൂഹത്തിലെ ബഹുഭൂരിപക്ഷവും വേണ്ടത്ര മതബോധമില്ലാത്തവരാണ്. മേല്‍ വാദഗതി വലിച്ചെറിഞ്ഞ് സലഫികള്‍ പറയുന്ന സത്യത്തിലേക്ക് ‘സുന്നീ’ വിഭാഗത്തിന് എത്തേണ്ടി വരുന്നത് കാണുക. അതും ഭൂരിപക്ഷം ഉലമാക്കളും സത്യത്തിന് എതിരെ തിരിഞ്ഞപ്പോള്‍:- “ഈയവസരത്തില്‍ ഇ.കെ. യും അനുകൂലികളും പറഞ്ഞത് ‘ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങള്‍ക്കിഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യു’മെന്നായിരുന്നു.” (വരക്കല്‍ തങ്ങള്‍ മുതല്‍ ഉള്ളാള്‍ തങ്ങള്‍ വരെ. പേജ്. 65) ഇതിന് ഉള്ളാള്‍ തങ്ങള്‍ കൊടുത്ത മറുപടി:- “999 ആളുകള്‍ ഒരു കള്ളം പറയുകയും ഒരാള്‍ അതിനെതിരില്‍ സത്യം പറയുകയും ചെയ്താല്‍ ഭൂരിപക്ഷം നോക്കി കള്ളം അംഗീകരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?” (അതേ പുസ്തകം. പേജ്. 65) ഇത് തന്നെയാണ് നബിദിനാഘോഷത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷവാദികളായ ഖുറാഫികളോട് സലഫികള്‍ക്കും ചോദിക്കാനുള്ളത്. ആറ് നൂറ്റാണ്ട് വരെ ജീവിച്ച് മരിച്ച് പോയ മഹത്തുക്കളായ മുഴുവന്‍ മുസ്ലിംകളും ഇന്നത്തെ ഉല്‍ബുദ്ധരായ മുസ്ലിം ബഹുജനങ്ങളും ചെയ്യാത്ത ഒരു ദുരാചാരം നാട്ടിലെ ഭൂരിപക്ഷം മൊല്ലമാരും പ്രമാണിമാരും ശാപ്പാട്ടുവീരന്‍മാരും ചെയ്യുന്നത് നോക്കി തെളിവില്ലാതെ ചെയ്യണമെന്നാണോ ഖുറാഫീ വിഭാഗങ്ങള്‍ പറയുന്നത്? നബി(സ്വ)യും സ്വഹാബത്തുമടക്കം ആറ് നൂറ്റാണ്ട് വരെ നബിദിനാഘോഷം കഴിക്കാതെ ജീവിച്ച് മരിച്ച് പോയ മുസ്ലിംകളെല്ലാം വിഡ്ഢികളോ? ശേഷം പുതിയതായി ഇങ്ങനെ ഒരാഘോഷം കെട്ടിപ്പടുത്ത ഖോജകളും ഖുറാഫികളുമാണോ ദീന്‍ പഠിച്ചവര്‍?
ചര്യ പിന്‍പറ്റാത്ത പ്രവാചക സ്നേഹം
നമസ്കാരം ഒഴിവാക്കിക്കൊണ്ട് നബി(സ്വ)യെ സ്നേഹിക്കുന്ന പുതിയ ഒരു ചെപ്പടി വിദ്യ ഹദീസ് ദുര്‍വ്യാഖ്യാനം ചെയ്ത് കൊണ്ട് ‘സുന്നീ’ വിഭാഗം പഠിപ്പിച്ചിരുന്നു. അതിങ്ങനെ:- “നിസ്കാരവും മറ്റും നിര്‍വ്വഹിക്കാത്തവന്‍ നബി(സ)യെ സ്നേഹിച്ച് മൌലിദ് പാരായണം നടത്തിയാല്‍ രക്ഷപ്പെടുമെന്ന് തന്നെയാണ് മനസ്സിലാവുക.” (സുന്നത്ത് ജമാഅത്ത് ഹദീസില്‍. പേജ്. 247. ഹംസക്കോയ ബാഖവി. മുന്നിയൂര്‍.) നമസ്കാരവും ഫര്‍ള് നോമ്പുകളുമെല്ലാം ഒഴിവാക്കുന്ന ഒരാള്‍ അതോടുകൂടി ആറാം നൂറ്റാണ്ടിന് ശേഷം കെട്ടിയുണ്ടാക്കിയ മൌലിദ് കഴിക്കുക. എന്നാല്‍ അവന്‍ പ്രവാചക സ്നേഹിയാകുമത്രെ?! കൂലിയും കിട്ടും? ഇതാണ് ഈ ഖുറാഫീ പുരോഹിതന്‍മാരുടെ പ്രവാചക സ്നേഹത്തിന്റെ മാതൃക. ഈ കാപട്യവും പിന്നീട് ഇവര്‍ക്ക് വലിച്ചെറിയേണ്ടി വന്നു. പ്രവാചക സ്നേഹം ഇങ്ങനെയല്ല എന്ന സലഫീ വീക്ഷണം മറ്റു ചില സ്ഥലങ്ങളില്‍ ‘സുന്നീ’ വിഭാഗങ്ങള്‍ക്ക് സമ്മതിക്കേണ്ടി വന്നു. ‘യഥാര്‍ത്ഥ സ്നേഹം’ എന്ന തലക്കെട്ടില്‍ ഇവര്‍ എഴുതുന്നു:- “മക്കാ വിജയത്തിന് ശേഷം പ്രവാചകരും അനുയായികളും മദീനയിലേക്ക് മടങ്ങുകയാണ്. വഴിമധ്യേ നമസ്കാരത്തിന് സമയമായി. വിശ്വപ്രവാചകന്‍ വുളു ചെയ്യാന്‍ തുടങ്ങി. അനുയായികള്‍ ചുറ്റും നിന്ന് നബി വുളു ചെയ്ത വെള്ളം അവരുടെ ദേഹത്ത് തെളിച്ചു. വുളു പൂര്‍ത്തിയാക്കിയ ശേഷം നബി ചോദിച്ചു.
‘ഞാന്‍ വുളു എടുത്ത വെള്ളം എന്തിനാണ് നിങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത്?’
‘അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാന്‍.’ അനുചരര്‍ പറഞ്ഞു. ‘എന്നെ യഥാര്‍ത്ഥമായി സ്നേഹിക്കുന്നുവെങ്കില്‍ എന്റെ മാര്‍ഗ്ഗം പിന്തുടരുക. എന്റെ തത്വങ്ങള്‍ അനുസരിക്കുക. എന്റെ മാര്‍ഗ്ഗം പിന്തുടരാതെ ബാഹ്യമായി മാത്രം എന്നെ സ്നേഹിക്കുന്നവര്‍ നമ്മില്‍ പെട്ടവരല്ല.’ നബി പറഞ്ഞു.” (ചരിത്രമുത്തുകള്‍. പേജ്. 26. പൂങ്കാവനം ബുക്സ്.) അല്‍ മുഅല്ലിം മാസികയിലെഴുതുന്നു:- “പ്രവാചക സ്നേഹത്തിന്റെ മൂര്‍ത്തമായ ഭാവം പ്രവാചക സന്ദേശം ഉള്‍കൊണ്ട് ജീവിതം പാകപ്പെടുത്തിയെടുക്കലാണ്. നബിചര്യ പിമ്പറ്റാത്ത പ്രകടനങ്ങള്‍ ഉപരിപ്ളവമായ കാട്ടിക്കൂട്ടലുകള്‍ മാത്രമേ ആകൂ.” (2009. മാര്‍ച്ച്.) ഇസ്ലാം നിര്‍ബന്ധമാക്കിയ അമലുകള്‍ ഒഴിവാക്കുകയും പുറമെ മൌലിദാഘോഷം എന്ന ദുരാചാരത്തില്‍ പങ്കെടുക്കുകയും ചെയ്താല്‍ ഡബ്ള്‍ ശിക്ഷയാണുണ്ടാവുക. മാത്രവുമല്ല, അത് യഥാര്‍ത്ഥ ശൈത്വാനീ സ്നേഹവുമാണ്. പ്രവാചകന്‍(സ്വ) വെറുത്ത അനാചാരം ചെയ്യുന്നത് പിശാചിന് ഇഷ്ടമാണല്ലോ?
ഒടുക്കത്തിലൊരു പിടിവിള്ളി
നബിദിനാഘോഷത്തിന് ഇസ്ലാമിക പ്രമാണങ്ങളില്‍ യാതൊരു തെളിവുമില്ലെന്ന് മനസ്സിലാക്കിയ ‘സുന്നീ’ വിഭാഗങ്ങള്‍ അറ്റകൈ പ്രയോഗമെന്ന നിലയില്‍ എടുത്തുപയോഗിക്കാറുള്ള ഒന്നാണ് പഴയകാല സലഫീ നേതാക്കളില്‍ ചിലര്‍ നബിദിനാഘോഷത്തെ അനുകൂലിച്ചെഴുതിയ അല്‍ മുര്‍ശിദിലെയും മറ്റും ചില ഉദ്ധരണികള്‍. അവരുടെ ജീവിത കാലത്ത് തന്നെ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ ആ ധാരണ തിരുത്തുകയും അത് തെറ്റാണെന്ന ശരിയായ നിലപാടിനോട് പിന്നീട് യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും ഈ തെറ്റ് ആവര്‍ത്തിച്ച് ജനങ്ങളഎ കബളിപ്പിക്കുന്ന ഇവര്‍ക്ക് മറുപടി പിന്നീട് കാന്തപുരം മുസ്ല്യാര്‍ നല്‍കിയിട്ടുമുണ്ട്. അതോടെ ആ അറ്റകൈ പ്രയോഗവും പാളുകയാണ്. പ്രമാണങ്ങളില്‍ തെളിവില്ലാതെ മൌലവിമാരെയും മുസ്ല്യാക്കന്‍മാരെയും ഇമാമുമാരെയും തെളിവാക്കുന്നവര്‍ക്ക് മറുപടിയായി കാന്തപുരം മുസ്ല്യാര്‍ തന്നെ എഴുതുന്നു:- “ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ഒരിക്കലും തെറ്റ് പറ്റാതിരിക്കുകയുള്ളൂ എന്നതാണ് സത്യപ്രസ്ഥാനക്കാരുടെ വീക്ഷണം. അതുകൊണ്ട് പാപസുരക്ഷിതരായ റസൂല്‍(സ) ഒഴികെയുള്ള മറ്റു ഇമാമുകളുടെ അഭിപ്രായങ്ങളില്‍ സ്വീകരിക്കുന്നതും ഒഴിവാക്കേണ്ടതും ഉണ്ടായേക്കാം. ഖുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്നത് അനുഗമിക്കാനും അനുസരിക്കാനും അനുയോജ്യമായതും ബന്ധപ്പെട്ടതുമാണ്.” (സിറാജ്. 1. 1. 1990.)
കെ.എം. മൌലവിയേയോ മറ്റേതെങ്കിലും മൌലവിയേയോ പ്രമാണമാക്കണമെന്ന് സലഫികളാരും പറയുന്നില്ല. ഇമാമുകളെപ്പോലും ക്വുര്‍ആനിനും സുന്നത്തിനും എതിരായി വന്നാല്‍ തള്ളണമെന്ന് ക്വുബൂരീ നേതാവായ കാന്തപുരം തന്നെ സമ്മതിച്ചിരിക്കെ പിന്നെങ്ങനെയാണ് ഇവര്‍ കെ.എം. മൌലവിയെയും അല്‍മുര്‍ശിദിനെയും മറ്റും തെളിവായി ഉദ്ധരിക്കുക? സലഫികളാരും ക്വുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി ഇവര്‍ പറയുന്നത് തെളിവാണെന്ന് പറയുന്നില്ലല്ലോ? സലഫികള്‍ പോലും തെറ്റായ കാര്യത്തില്‍ അനുസരിക്കാത്ത നേതാക്കളെ ‘സുന്നീ’ വിഭാഗങ്ങള്‍ എന്തിന് കൊണ്ട് പിടിച്ച് അംഗീകരിക്കണം? ‘അല്ലാഹു’ എന്ന് ഉച്ചരിക്കുന്ന കാര്യത്തില്‍ സ്വന്തം നേതാവ് പതി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പരമാബദ്ധം എഴുന്നള്ളിച്ചപ്പോള്‍ ഖുറാഫികള്‍ അത് അംഗീകരിച്ചിരുന്നില്ലല്ലോ? പ്രമാണ വിരുദ്ധമായ കാര്യങ്ങളില്‍ മുജാഹിദുകളുടെ കാഴ്ച്ചപ്പാടും ഇതുതന്നെയാണ്. - See more at: http://islahmonthly.com/vishakalanam/79.html#sthash.hHhcpKT6.dpuf

 കടപ്പാട് : അബു ഇഹ്സാന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ